ആന്‍ഡ്രോയ്ഡിന്‍റെ പേരിലുള്ള കേസില്‍ ഗൂഗിള്‍ തോറ്റു

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പേരിലുള്ള കേസില്‍ ഗൂഗിളിന് മുകളില്‍ സോഫ്റ്റ് വെയര്‍ ഭീമന്മാരായ ഒറാക്കിളിന് വിജയം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന ജാവ പ്രോഗ്രാമിങ്ങ് ഭാഷ തങ്ങളുടെതാണെന്ന ഒറാക്കിളിന്‍റെ വാദം വാഷിംങ്ടണിലെ അമേരിക്കന്‍ അപ്പീല്‍ കോടതി അംഗീകരിച്ചു.

2010ലാണ് ഗൂഗിളിനെതിരെ ഒറാക്കിള്‍ കേസുമായി രംഗത്ത് എത്തിയത്. കോപ്പിറൈറ്റ് ലംഘിച്ചതിന് 1 ബില്യണ്‍ ഡോളറാണ് ഗൂഗിളിനോട് ഒറാക്കിള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നേരത്തെ സന്‍ഫ്രാന്‍സിസ്കോയിലെ ഒറ്റ ജഡ്ജിയുടെ ബെഞ്ച് കേസില്‍ ഗൂഗിളിന് അനുകൂലമായി വിധി നല്‍കിയിരുന്നു ഇതിന് എതിരെയാണ് മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന ഫെഡറല്‍ സര്‍ക്യൂട്ട് ബെഞ്ചിനെ ഒറാക്കിള്‍ സമീപിച്ചത്.

ഈ കേസിന്‍റെ പേരില്‍ 2012ല്‍ ഗൂഗിള്‍ തലവന്‍ ലാറിപേജും, ഒറാക്കിള്‍ തലവന്‍ വാറി എല്ലിസണും തമ്മില്‍ നടത്തിയ വാക്ക്പോര് വന്‍ മാധ്യമ ശ്രദ്ധനേടിയിരുന്നു. എന്തായാലും സത്യത്തിന്‍റെ വിജയം എന്നാണ് ഒറാക്കിള്‍ ഈ വിജയത്തെ വിശേഷിപ്പിച്ചതെങ്കില്‍. സോഫ്റ്റ് വെയര്‍ രംഗത്തിന് തന്നെ ദോഷമാകുന്ന വിധി എന്നാണ് ഗൂഗിള്‍ വിധിയെ വിശേഷിപ്പിച്ചത്.

പുതിയ വിധി പ്രകാരം ചിലപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഫോണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്‍റെ ലാഭം പോലും ചിലപ്പോള്‍ ഗൂഗിളിന് ഒറാക്കിളുമായി പങ്കുവയ്ക്കേണ്ടി വന്നേക്കാം. ഇത് അത്യന്തികമായി ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വിലവര്‍ദ്ധനയ്ക്കുവരെ കാരണമാകാം.

Comments