300 എച്ച്.പി. കരുത്തുമായി ഒരു കവാസാക്കി







ഇന്ത്യയിലെ സാധാരണക്കാര്‍ ഓടിക്കുന്ന കോംപാക്ട് കാറുകളുടെ പവര്‍ 100 കുതിരശക്തി(എച്ച്.പി.)യിലും താഴെയേ വരൂ. കാശുകാരിലെ പാവങ്ങള്‍ ഓടിക്കുന്ന മെഴ്‌സിഡീസ്, ബി.എം.ഡബ്ലിയു., ഔഡി തുടങ്ങിയ ബ്രാന്‍ഡുകളുടെ എന്‍ട്രി ലെവല്‍ മോഡലുകളുടെ കൂടി പവര്‍ 200 എച്ച്.പി.യിലും താഴെയും.



അപ്പോള്‍ നാട്ടില്‍ കാണുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ടക്ക കുതിരശക്തിയേ പ്രതീക്ഷിക്കേണ്ടതുള്ളു. 1000 സിസിയിലേറെ എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള ബീമറിന്റെയും ഹാര്‍ലിയുടെയും ബൈക്കുകള്‍ക്ക് പോലും കരുത്ത് 150 എച്ച്.പി.യിലും കുറവാണ്. ആരും 200 എച്ച്.പി.യിലും കൂടുതല്‍ കരുത്തും മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ സ്പീഡും ഉള്ള ബൈക്കുകള്‍ നിര്‍മിക്കരുത് എന്ന് എന്തോ അണ്ടര്‍സ്റ്റാന്‍ഡിങ്ങ് നിര്‍മാതാക്കള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.



എന്നാല്‍ ഈ അണ്ടര്‍സ്റ്റാന്‍ഡിങ്ങുകളെയൊക്കെ അവഗണിച്ചുകൊണ്ട് കവാസാക്കി ഒരു കിടിലന്‍ ബൈക്ക് ഇറക്കിയിരിക്കുന്നു- നിഞ്ച എച്ച്2ആര്‍. വിശ്വസിക്കാന്‍ പ്രയാസമുള്ളതാണ് പുതിയ നിഞ്ചയുടെ സ്‌പെസിഫിക്കേഷന്‍സ്. 998 സി.സി. ഡിസ്‌പ്ലേസ്‌മെന്റുള്ള എഞ്ചിന്‍ 13000 ആര്‍.പി.എമ്മില്‍ ഉത്പാദിപ്പിക്കുന്ന ശക്തി 300 എച്ച്.പി.യാണ്, മണിക്കൂറില്‍ 322 കിലോമീറ്ററാണ് പരമാവധി വേഗം. 50,345 ഡോളറാണ് (ഏതാണ്ട് 32 ലക്ഷം രൂപ) യു.എസ്സില്‍ വില. നിഞ്ച എ ച്ച് 2 ആര്‍ റോഡ് ലീഗലല്ല, അതായത് ഈ വണ്ടി റേസ് ട്രാക്കുകളില്‍ മാത്രമേ ഓടിക്കാന്‍ പാടുള്ളു.

Comments