ലാല്‍ ജോസ് ഇല്ലായിരുന്നെങ്കില്‍ കരിയര്‍ അവസാനിച്ചേനേ, നല്ല സിനിമകളിലൂടെ പരിമിതികളെ മറികടക്കണം: ഉണ്ണി മുകുന്ദന്‍
- Get link
- X
- Other Apps

ലോഹിതദാസാണ് ഉണ്ണിമുകുന്ദനെ സിനിമയിലേക്ക് കൊണ്ടുവന്നത്. തന്റെ പുതിയ ചിത്രത്തിലെ നായകനാക്കുന്നതിനായ്. എന്നാല്‍ ലോഹിതദാസിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ണിയുടെ അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെയാക്കി. നന്ദനം തമിഴ് പതിപ്പില്‍ പൃഥ്വിരാജ് മലയാളത്തില്‍ ചെയ്ത കഥാപാത്രമായി. കരിയറിലെ തിരിച്ചടികളെ നേരിടാനുറച്ച് പുതിയ ചിത്രമായ കെഎല്‍ ടെന്‍ പത്തുമായി തിയറ്ററുകളിലെത്തുമ്പോള്‍ ഉണ്ണി മുകുന്ദന് പറയാനുള്ളത്.പതിനഞ്ചിലേറെ സിനിമ ചെയ്തുകഴിഞ്ഞു ഉണ്ണി മുകുന്ദന്‍, ഒരു ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് ഏറ്റവുമധികം കാത്തിരിപ്പ് റിലീസിന് മുമ്പ് ഉണ്ടായത് കെഎല്‍ ടെന്‍ പത്തിലാണെന്ന് തോന്നുന്നു, എന്താണ് കാരണം ?
ടീസറും ട്രെയിലറും വന്നപ്പോള്‍ എല്ലാവരും കെഎല്‍ ടെന്‍ പത്തിനെക്കുറിച്ച് സംസാരിക്കുന്നു അത് വലിയ ആഹ്ളാദമുണ്ടാക്കുന്നുണ്ട്. ഈ സിനിമ കാണാന്‍ ഒരു ക്യൂരിയോസിറ്റി പ്രേക്ഷകരിലുണ്ടായിട്ടുണ്ട്. അത് ഉണ്ണി മുകുന്ദന്‍ ചെയ്യുന്ന സിനിമ ആയതുകൊണ്ടോ മുഹ്‌സിന്‍ പരാരിയെന്ന തുടക്കക്കാരന്റെ സിനിമ ആയതും കൊണ്ടോ അല്ല, ഈ സിനിമയുടെ ടീസറിലും ട്രെയിലറിലുമെല്ലാം ആകര്‍ഷിക്കാവുന്ന എന്തൊക്കെയോ അവര്‍ക്ക് കാണാനാകുന്നുണ്ട്. അവര്‍ക്ക് റിലേറ്റ് ചെയ്യാവുന്നതാണ് ട്രെയിലറിലും ടീസറിലുമെല്ലാം വന്ന കാരക്ടേഴ്‌സും തീമും എല്ലാം. ലാല്‍ ജോസ് എന്ന പേരും ഈ സിനിമയിലേക്കുള്ള വലിയ ആകര്‍ഷണമാണ്. സത്യത്തില്‍ ലാല്‍ ജോസ് സാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല. വിക്രമാദിത്യത്തിന് മുന്നേയാണ് ഞാനും മുഹ്‌സിനും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ഒരു റൊമാന്റിക് കോമഡി ചിത്രം ഉണ്ണിക്ക് എന്ത് കൊണ്ട് ചെയ്തുകൂടാ എന്ന് മുഹ്‌സിന്‍ ചോദിച്ചു. വിക്രമാദിത്യന്‍ ഒന്ന് ഓടിക്കോട്ടെ അതിന് ശേഷം ആലോചിക്കാമെന്നാണ് ഞാനന്ന് മറുപടി പറഞ്ഞത്. വിക്രമാദിത്യന്‍ ഹിറ്റായി, കെഎല്‍ ടെന്‍ പത്ത് സംഭവിച്ചു.
ആരാണ് വാപ്പച്ചീടെ ചുള്ളന്‍ ചെക്കനും ഉമ്മച്ചീടെ സ്റ്റൈലന്‍ ചെക്കനുമായ നായക കഥാപാത്രം?
നിഷ്‌കളങ്കനായ ഒരു മലപ്പുറത്തുകാരന്‍ ചെക്കന്‍. പേര് അഹമ്മദ്, മലപ്പുറം എന്ന നാടിന്റെ മനസ്സും സ്വഭാവവും ആ കഥാപാത്രത്തില്‍ കാണാം. നല്ലൊരു ഫുട്‌ബോളര്‍ ആണ്. ലോക്കല്‍ ടീമില്‍ നന്നായിട്ട് കളിക്കുന്നൊരു പയ്യനാണ്. തനി നാടനായി ജീവിക്കുന്ന ഒരാള്‍. അവനും അവന്റെ ചെറിയ ലോകവും. അത്രേയുള്ളൂ അഹമ്മദിനെക്കുറിച്ച് പറയാന്‍. പക്ഷേ, ആ കാരക്ടര്‍ വളരെ ഡൗണ്‍ ടു എര്‍ത്ത് ആണ്. കാണുന്നവര്‍ക്ക് അയല്‍വീട്ടിലെ ചെക്കനെന്ന് തോന്നുന്ന രീതിയിലാണ് മുഹ്‌സിന്‍ കഥാപാത്രത്തെ ഉണ്ടാക്കിയിരിക്കുന്നത്. ഞാന്‍ തൊട്ടുമുമ്പ് ചെയ്ത സിനിമയിലൊക്കെ മസിലൊക്കെ പെരുപ്പിച്ച് ഫിറ്റ് ബോഡിയൊക്കെയായിട്ടുള്ള ലുക്കാണ്. അഹമ്മദ് ആകാന്‍ വേണ്ടി മസിലൊക്കെ കുറച്ചു, മെലിഞ്ഞു പിന്നെ അഹമ്മദിനെ നന്നാക്കാവാന്‍ വേണ്ടി ഞാന്‍ നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്.
നിര്‍മ്മാണപങ്കാളിത്തത്തിലേക്കും വിതരണത്തിലേക്കും ലാല്‍ ജോസും എല്‍ ജെ ഫിലിംസും വന്നത് എങ്ങനെയാണ്?
കെഎല്‍ ടെന്‍ പത്ത് സ്‌ക്രിപ്ട് പൂര്‍ത്തിയാപ്പോള്‍ ഞാന്‍ മുഹ്‌സിനോട് പറഞ്ഞു, നല്ലൊരു പ്രൊഡക്ഷന്‍ ഹൗസിനൊപ്പം മാത്രം നമുക്ക് ഈ സിനിമ ചെയ്താല്‍ മതിയെന്ന്. അതിന് വേണ്ടി എത്ര സമയം വേണേലും കാത്തിരിക്കാമെന്നും. എന്റെ കരിയറില്‍ നോക്കുമ്പോഴും മിക്ക സിനിമകള്‍ക്കും പ്രൊപ്പര്‍ പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ വിസിബിലിറ്റിയും കിട്ടിയിട്ടില്ല മിക്ക സിനിമകള്‍ക്കും. മുഹ്‌സിനോട് പറഞ്ഞ ശേഷം ലാല്‍ ജോസ് എന്ന സംവിധായകനും നിര്‍മ്മാതാവുമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. മുഹ്‌സിന്‍ എന്നൊരാള്‍ ഉണ്ട്, അദ്ദേഹത്തിന്റെ കയ്യില്‍ നല്ലൊരു കഥയുമുണ്ട് കേള്‍ക്കാമോ എന്നാണ് ലാല്‍ ജോസ് സാറിനോട് ചോദിച്ചത്. സിനിമയില്‍ വന്ന ശേഷം ആദ്യമായാണ് ഒരാളോട് അത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. സിനിമയുടെ ഡിസ്ട്രിബ്യൂഷനെങ്കിലും എല്‍ ജെ ഫിലിംസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇക്കാര്യം പറഞ്ഞത്. പക്ഷേ പിന്നീട് നടന്നത് എന്നെ ഞെട്ടിച്ചു. സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്നും വിതരണമേറ്റെടുക്കാമെന്നും ലാല്‍ ജോസ് സര്‍ സമ്മതിച്ചു. ലാല്‍ ജോസ് എന്ന സംവിധായകനും എല്‍ജെ ഫിലിംസും തെറ്റായ തീരുമാനം എടുക്കില്ല എന്നാണ് എന്റെ വിശ്വാസം. ഉണ്ണീ ഇത് നിനക്ക് കൂടി വേണ്ടിയാണ്, വേറൊന്നും ചിന്തിക്കേണ്ട ഞാന്‍ പടം പ്രൊഡ്യൂസ് ചെയ്യാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലാല്‍ ജോസ് സാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് അഡ്വാന്‍സ് തന്നു. ഡബിള്‍ ഡക്കര്‍ ഫിലിംസും പിന്നീട് സിനിമയുടെ നിര്‍മ്മാണപങ്കാളികളായി. അപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്‍സ് വന്നത്. സിനിമ ഹിറ്റോ ഫ്‌ളോപ്പോ ആകാം പക്ഷേ എനിക്ക് എന്റെ പെര്‍ഫോമന്‍സും മുഹ്‌സിന് അദ്ദേഹത്തിന്റെ ജോലിയും ശ്രദ്ധിച്ചാല്‍ മതിയല്ലോ. ചെറുപ്പക്കാരടങ്ങുന്ന ഇത് പൊലൊരു ടീമിനൊപ്പം നേരത്തെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതിനുള്ള അവസരമൊരുക്കിയതും ലാല്‍ ജോസ് സാറാണ്. പിന്നെ ഈ സിനിമ യാതൊരു ബുദ്ധിമുട്ടില്ലാതെ പൂര്‍ത്തിയാക്കിയതിലും ലാല്‍ ജോസ് സാറിന്റെ പിന്തുണയുണ്ടായിരുന്നു. സിനിമയില്‍ എത്തുന്ന തുടക്കക്കാരനായ സംവിധായകനും അത്തരമൊരു പിന്തുണ വലിയ കാര്യമാണ്.
കരിയറില്‍ തുടര്‍ച്ചയായ തിരിച്ചടികളുണ്ടായപ്പോള്‍ സിനിമയില്‍ ഒരു ഗോഡ്ഫാദറിനെ കിട്ടിയില്ല എന്ന് തോന്നുന്നുണ്ടോ ,ഉണ്ണിയെ പരിമിതികള്‍ അറിഞ്ഞ് പ്രയോജനപ്പെടുത്തുന്ന സംവിധായകനെ ലഭിക്കാതിരുന്നത് കരിയറിനെ ബാധിച്ചോ?
ഗോഡ്ഫാദര്‍ ഇല്ലെന്നത് സത്യമാണ്, പക്ഷേ എന്റെ വിജയവും പരാജയവും സൃഷ്ടിക്കുന്നത് ഞാന്‍ തന്നെയാണ് എന്നാണ് വിശ്വസിക്കുന്നത്. ലാല്‍ ജോസ് സാറില്ലായിരുന്നെങ്കില്‍ 2013ല്‍ എന്റെ കരിയര്‍ നിന്നുപോയേനെ. ഞാന്‍ വിക്രമാദിത്യന്‍ രണ്ടാം ഇന്നിംഗ് എന്ന നിലയിലാണ് കാണുന്നത്. നന്ദി പറഞ്ഞാല്‍ തീരുന്നതല്ല എന്റെ കടപ്പാട്. കാരണം എന്നെ ആര്‍ക്കും വേണ്ടാത്ത ഒരു സമയമുണ്ടായിരുന്നു. ഒറീസ്സ എന്ന ചിത്രത്തിന് ശേഷമൊക്കെ ഉണ്ണി മുകുന്ദനെ വച്ചൊരു സിനിമ എടുക്കുക എന്ന വച്ചാല്‍ സംവിധായകനും നിര്‍മ്മാതാവിനും എല്ലാ തരത്തിലും ബുദ്ധിമുട്ടായിരുന്നു. എനിക്കാരോടും ദേഷ്യമൊന്നുമില്ല കാരണം പണം മുടക്കിയാല്‍ തിരിച്ചുകിട്ടേണ്ട ബിസിനസ്സ് ആണ്. എന്റെ ആത്മവിശ്വാസമൊക്കെ അടിതെറ്റിയിരുന്ന സമയവുമായിരുന്നു അത്. ആ സമയത്താണ് ലാല്‍ ജോസ് സര്‍ എന്നെ വിളിച്ചത്. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്, വിക്രമാദിത്യന്‍. വിക്രമന്‍ നീയാണ് എന്ന് പറഞ്ഞു. സാറ്റലൈറ്റും മുടക്കുമുതലുമൊക്കെ പരിഗണിക്കുമ്പോള്‍ സാറിന് ബുദ്ധിമുട്ടാകില്ലേ എന്ന് ഞാന്‍ ചോദിച്ചു.നീ കുഴപ്പമില്ലാത്ത ആക്ടര്‍ ആണ് എനിക്ക് നിന്നെക്കൊണ്ട് ഈ സിനിമ ചെയ്യിപ്പിക്കാമെന്ന് വിശ്വാസമുണ്ട് എന്നാണ് ലാല്‍ സാര്‍ നല്‍കിയ മറുപടി. ഈ കഥാപാത്രത്തിന് യോജ്യനായ ആള്‍ നീയാണ്. ഫിലിംമേക്കര്‍ എന്ന രീതിയില്‍ ബാക്കി കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം. സിനിമ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുള്ള സ്വാതന്ത്ര്യവും സൗഹൃദവും കണക്കിലെടുത്ത് ഞാന്‍ പറഞ്ഞു. സാര്‍ എങ്ങനെയെങ്കിലും ഈ സിനിമ ഹിറ്റാക്കിത്തരണം എന്ന്. അതെന്റെ വലിയ ആഗ്രഹമായാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു, ഈ സിനിമ വലിയ ഹിറ്റാകുമോ എന്നറിയില്ല. എന്നാല്‍ ഈ കാരക്ടര്‍ നിന്നേക്കാള്‍ നന്നായി മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. നിനക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനും ഞാന്‍ നോക്കുമെന്ന് പറഞ്ഞു. ശരിക്കും ആ സിനിമയുടെ വിജയം എന്റെ കരിയറിലെ സെക്കന്‍ഡ് ഇന്നിംഗ്‌സ തന്നെയാണ്. ഒരു മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്നാണ് ലാല്‍ ജോസ് എന്നെ വിശ്വസിക്കാനും പിന്തുണയ്ക്കാനും തയ്യാറായത്. സിനിമയില്‍ ഇനിയും വളരാനായാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴും എനിക്കേറ്റവും കടപ്പാടുണ്ടാവുക ലാല്‍ജോസ് സാറിനോട് മാത്രമാവും.
ഒരു പാട് സീനിയര്‍ സംവിധായകര്‍ക്കൊപ്പമാണ് ഉണ്ണിയുടെ ആദ്യചിത്രങ്ങളെല്ലാം,എന്നാല്‍ ഒപ്പം യുവതാരനിരയില്‍ കൃത്യമായി കരിയര്‍ പ്ലാന്‍ ചെയ്ത് നീങ്ങാനും വലിയ സ്വീകാര്യത നേടാനും ഉണ്ണിക്ക് കഴിഞ്ഞില്ല,അതെന്തുകൊണ്ടാണ്?
ഞാന്‍ ഇതുവരെ ഉണ്ടായ കാര്യങ്ങളെയെല്ലാം പോസിറ്റീവ് ആയി എടുക്കുകയാണ്. സീനിയര്‍ സംവിധായകരെ ലഭിച്ചിട്ടുണ്ടെങ്കിലും സിനിമ എല്ലാ രീതിയിലും പരിഗണിക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകളുടെ ഒപ്പമായിരുന്നില്ല എന്റെ മിക്ക സിനിമകളും. ജെനുവിന്‍ ആയ പ്രൊഡ്യൂസര്‍ സിനിമയുടെ കാര്യത്തില്‍ വലിയ ഫാക്ടര്‍ ആണ്. കെ എല്‍ 10 പത്ത് എന്ന സിനിമ എന്റെ കയ്യിലെത്തിയപ്പോള്‍ ഞാന്‍ എടുത്ത ഒരു തീരുമാനമായിരുന്നു, ഈ സിനിമ ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷന്‍ ഹൗസിന്റെ കയ്യിലെത്തിക്കുമെന്നത്. അത് സാധിച്ചു. പിന്നെ എല്ലാ മോശം അനുഭവങ്ങളും തിരിച്ചടികളുമാണ് എനിക്ക് ആത്മവിശ്വാസവും കരുത്തും നല്‍കിയത്. ഞാന്‍ ലാല്‍ ജോസ് സാറിനോട് പറഞ്ഞതും അതാണ്. ഐ നീഡ് എ പ്ലാറ്റ്‌ഫോം. ഒരു പടം വര്‍ക്കൗട്ട് ആയിക്കഴിഞ്ഞാല്‍ എന്നെപ്പോലും ആക്ടേഴ്‌സിനും സംവിധായകര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും കൂടുതല്‍ കോണ്‍ഫിഡന്‍സുണ്ടാകും.
മല്ലുസിംഗ് പോലെ ആക്ഷന്‍ മാസ് മസാല മാത്രമാണ് ഉണ്ണി മുകുന്ദന് ചെയ്യാനും താല്‍പ്പര്യം എന്ന് കേട്ടിരുന്നു, സിനിമ തെരഞ്ഞെടുക്കുന്നതിലും പാളിച്ചയുണ്ടായിരുന്നില്ലേ സാമ്രാജ്യം ഉള്‍പ്പെടെ?
ആദ്യ സിനിമയായ ബോംബെ മാര്‍ച്ച് 12ല്‍ ഞാന്‍ ഒരു മസില്‍മാനോ ആക്ഷന്‍ ഹീറോയെ അല്ല നിസ്സഹായനായ ചെറുപ്പക്കാരനാണ്. പക്ഷേ പിന്നീട് എനിക്ക് അധികം ചോയ്‌സ് ഉണ്ടായിരുന്നില്ല, പിന്നെ ബ്രേക്ക് കിട്ടിയത് മല്ലുസിംഗ് വന്നപ്പോഴാണ്. എന്നെ ഇന്‍ഡ്‌സട്രിയില്‍ നിലനിര്‍ത്തിയ സിനിമകളിലൊന്നുമാണ് അത്. മല്ലുസിംഗ് വിജയിച്ചപ്പോള്‍ ആക്ഷന്‍ ഹീറോ സിനിമകളാവും എനിക്ക് താല്‍പ്പര്യമെന്ന് മറ്റുള്ളവര്‍ കരുതി. അത്തരം സിനിമകളാണ് കൂടുതലായി എന്റെ അടുത്തെത്തിയതും. ഒരു പാട് സ്‌ക്രിപ്ടുകള്‍ ഒഴിവാക്കിയ ശേഷമാണ് ഒരു ചിത്രം തെരഞ്ഞെടുക്കുന്നതും. പിന്നെ സംഭവിച്ചത് വിക്രമാദിത്യനാണ്. അതില്‍ എന്റെ ബോഡി കാണിക്കുന്നില്ല. ഒരു ഫിറ്റ്‌നസ്സ് ഉള്ള ചെറുപ്പക്കാരന്‍ ഇമേജ് മാത്രമേ ഉള്ളൂ. പിന്നെ പാതിരാമണല്‍ നല്ലൊരു പ്രൊഡക്ഷന്‍ ഹൗസിന്റെ പിന്തുണയില്‍ അല്ലായിരുന്നു. സാമ്രാജ്യത്തിനും ഇതേ അവസ്ഥയുണ്ടായി. പതിനേഴ് മിനുട്ട് മാത്രമേ ഞാന്‍ ആ സിനിമയിലുള്ളു.ദൈര്‍ഘ്യമുള്ള ഒരു ഗസ്റ്റ് റോള്‍ പോലെ. കാണുന്നവര്‍ക്കും അതിന്റെ പ്രശ്‌നം ഉള്‍ക്കൊള്ളാനാവുന്നുണ്ട്. പ്രേക്ഷകരുടെ അഭിപ്രായങ്ങളെയും പ്രതികരണങ്ങളെയും മാനിച്ച് സ്വയം തിരുത്താന്‍ ഞാനും ശ്രമിക്കുന്നുണ്ട്. എന്റെ കരിയറിനെയും എന്നെയും അടുത്തറിയാവുന്നവര്‍ക്ക് അറിയാം. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. ആക്ഷന്‍ ഹീറോ-മാസ് മസാലാ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അതിനൊരു മാസ് അപ്പീല്‍ ഉണ്ടാകും എന്നത് സത്യമാണ്. ആക്ടര്‍ എന്ന നിലയില്‍ കുറച്ചുകൂടി റീച്ചുമുണ്ടാകും.
കെഎല്‍ ടെന്‍ പത്ത് വിജയിച്ചാല്‍ ഉണ്ണി മുകുന്ദന്റെ കരിയറില്‍ അത് എന്ത് മാറ്റമാണ് ഉണ്ടാക്കുക?
വ്യക്തിപരമായി കരിയറില്‍ സ്ട്രഗിള്‍ ഉള്ള ഉണ്ണി മുകുന്ദന് ഇനിയും കുറേ നല്ല സിനിമകളുടെ ഭാഗമാകാന്‍ അവസരമുണ്ടാകും. ഈ പടം ഹിറ്റായാല്‍ ലാല്‍ ജോസിന് ഇനിയും ഒരു പുതിയ സംവിധായകന്റെ സിനിമ നിര്‍മ്മിക്കാന്‍ ധൈര്യമുണ്ടാകും. പിന്നെ ഇതേപോലുള്ള സിനിമയും റോളും ഞാന്‍ ഇതുവരെ ചെയ്തിരുന്നില്ല. ഈ സിനിമ വിജയിച്ചാല്‍ അത് ഇനി നല്ലൊരു സിനിമ ചെയ്യുക എന്ന ആഗ്രഹവുമായി എത്തുന്ന കുറേ ചെറുപ്പക്കാര്‍ക്കും തുടക്കക്കാര്‍ക്കും ഗുണം ചെയ്യും. ലാല്‍ ജോസ് ഈ സിനിമ ഏറ്റെടുത്തപ്പോഴും അങ്ങനെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. കരിയറില്‍ തിരിച്ചടികളുള്ള താരത്തെ വച്ച് സിനിമയെടുക്കാന്‍ ഇനിയും ആളുകളുണ്ടാകും. അലക്‌സ്,സതീഷ് എന്നീ നിര്‍മ്മാതാക്കള്‍ കെഎല്‍ ടെന്‍ പത്തിലൂടെ സിനിമയില്‍ വന്നിട്ടുണ്ട്. തുടക്കക്കാരായ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ഇനിയും നിര്‍മ്മാതാക്കളുണ്ടാകും
പൃഥ്വിരാജും ജയസൂര്യയും ഫഹദും ചെയ്യാനിരുന്ന റോളുകളിലേക്കാണ് പിന്നെ ഉണ്ണി മുകുന്ദന്‍ കാസ്റ്റ് ചെയ്യപ്പെട്ടത്,കുറേ സിനിമകളെടുത്താല്‍,ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സാധ്യതയും പരിമിതിയും മനസ്സിലാക്കിയുള്ള സിനിമകളുണ്ടായിട്ടില്ല എന്നതും തുടക്കത്തിലെ തിരിച്ചടിയായിരുന്നില്ലേ?
ആദ്യ സിനിമ ചെയ്തതിന് പിന്നാലെ എനിക്ക് ഒരു പാട് ചോയ്‌സ് ഇല്ലായിരുന്നു. കിട്ടുന്നതെല്ലാം ബെസ്റ്റ് എന്ന് കരുതണമായിരുന്നു അന്ന്. എനിക്ക് ഓര്‍മ്മയുണ്ട്, മല്ലുസിംഗ് പൃഥ്വിരാജ് ചെയ്യാനിരുന്ന റോള്‍ ഉണ്ണി മുകുന്ദന്‍ ചെയ്യുന്നു എന്ന് ഫസ്റ്റ് ലുക്കിനൊപ്പം ആദ്യമായി ഇന്ത്യാവിഷനില്‍ വാര്‍ത്ത വന്നപ്പോള്‍ ലഭിച്ച പ്രതികരണം. ഈ പടം ചെയ്താല്‍ ബ്രേക്ക് ആയിരിക്കും, കരിയര്‍ മറ്റൊരു തരത്തിലാവും എന്നൊക്കെ കുറേ പേര്‍ പറഞ്ഞു. ആളുകള്‍ ഇപ്പോഴും മല്ലുസിംഗ് ആയി എന്നെ ഓര്‍ക്കുന്നുണ്ട്. പിന്നെ വന്ന സിനിമകള്‍ വിചാരിച്ചപോലെ വിജയിച്ചില്ല. മല്ലുസിംഗിലെ പോലെ ഒരു ഹെവി ക്യാരക്ടര്‍ എനിക്ക് വലിയ പ്രചോദമായിരുന്നു. ഇപ്പോഴും കരിയറിന്റെ തുടക്കത്തില്‍ അത് പോലൊരു റോള്‍ എനിക്ക് കിട്ടിയത് എനിക്ക് പ്രചോദനമാകുന്നുണ്ട്. നടന്‍ എന്ന രീതിയില്‍ ഞാന്‍ എടുക്കുന്ന എഫര്‍ട്ട് നാല് പേര് കണ്ടിരിക്കണം എന്ന ആഗ്രഹമാണ് ആദ്യമായുള്ളത്. അത് എങ്ങനെയായിത്തീരും എന്ന് ഒരിക്കലും ചിന്തിക്കുന്നില്ല. നല്ല സിനിമകളും എന്റെ പരിമിതികളെ മറികടന്ന് പ്രേക്ഷകര്‍ക്ക് നമ്മളില്‍ വിശ്വാസം വളര്‍ത്തുന്നതുമായ കഥാപാത്രങ്ങളും ചെയ്യാനാകണം. പ്രേക്ഷകര്‍ കുറെക്കൂടി ക്രിയേറ്റീവ് ആണ് ഇപ്പോള്‍.
ഹരികുമാറിന്റെ സംവിധാനത്തില്‍ ചെയ്ത കാറ്റും മഴയും എന്നൊരു സിനിമയും പാതിവഴിയല്‍ നിലച്ചുപോയിരുന്നില്ല?
ആ ചിത്രം നല്ലൊരു സബ്ജക്ട് ആണ് പറയുന്നത്. ഞാനും ലാല്‍ സാറുമാണ് പ്രധാന റോളില്‍. സുകൃതം ചെയ്ത ഹരികുമാര്‍ സാറിന്റെ സംവിധാനത്തിലുള്ള സിനിമ. അത് പോസ്റ്റ് പ്രൊഡക്ഷനില്‍ മുടങ്ങിപ്പോയതാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെടലുണ്ടായപ്പോ ആ സിനിമ പൂര്‍ത്തിയായി. ആ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. കരിയറില്‍ നല്ല കാര്യങ്ങള്‍ ഇപ്പോഴായിരിക്കാം സംഭവിക്കുന്നത്.
ഗുജറാത്തില്‍ പഠിച്ചു വളര്‍ന്ന ആളാണ് ഉണ്ണി, മലപ്പുറത്തെ ചുള്ളന്‍ ചെക്കനായി നാട്ടിന്‍പുറത്തുകാരന്‍ നായകനാകുമ്പോള്‍ വലിയ വെല്ലുവിളിയായിരുന്നില്ലേ ആ കഥാപാത്രം?
സത്യമാണ് അതുകൊണ്ട് തന്നെ എനിക്ക് കേരളത്തിലെ ഏതൊരു ഗ്രാമത്തിലെയും നേറ്റിവിറ്റിയുളള കഥാപാത്രമാകുമ്പോള്‍ അതിലൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകും. അതെല്ലാം എനിക്ക് ഫ്രഷ് എക്‌സ്പീരിയന്‍സായിരിക്കും. ചെറിയ വേഷം കിട്ടിയാലും എനിക്ക് അത് പുതിയൊരു സംഭവമാണ്. നാട്ടിന്‍പുറത്തെ തമാശകള്‍ പോലും എനിക്ക് വലിയ കാര്യമാണ്. കെ എല്‍ ടെന്‍ പത്ത് മൊഹ്‌സിന്‍ പെരാരിക്ക് മാത്രം ചെയ്യാവുന്ന സിനിമയാണ്. വേറൊരാള്‍ക്ക് ഇത് പോലെ എടുക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. കഥ പറയുന്നതിലും ട്രീറ്റ്‌മെന്റിലും അയാളുടെ ഒരു ശൈലിയുണ്ട്. മലപ്പുറം സഌങ്ങിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. എനിക്ക സാധിക്കാവുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്
സോഷ്യല്‍ മീഡിയാ സിനിമാ ഗ്രൂപ്പുകളും ട്രോള്‍ പേജുകളും നിരൂപണവുമൊക്കെയായി ഒരു സിനിമയ്ക്ക് ശേഷം ചര്‍ച്ചകളും പ്രതികരണങ്ങളും കൂടുതലാണ് ഇപ്പോള്‍, ഉണ്ണിയെ ഇത്തരം പ്രതികരണങ്ങളൊക്കെ സ്വാധീനിക്കാറുണ്ടോ?
വിമര്‍ശനമാണെങ്കിലും പ്രോത്സാഹനമാണെങ്കിലും ജെനുവിന്‍ പ്രതികരണം കിട്ടാറുണ്ട് സോഷ്യല്‍ മീഡിയയിലൂടെ. കെ എല്‍ 10 പത്തിലൂടെ അത് വ്യക്തമായിട്ട് എനിക്ക് മനസിലായി. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് കിട്ടുന്ന പ്രതികരണമാണ് ആദ്യം നോക്കിയത്.ഉണ്ണി മുകുന്ദന്‍ നല്ലൊരു സിനിമയുമായി വന്നാല്‍ പിന്തുണയ്ക്കാനും കൂടെ നില്‍ക്കാനും പ്രേക്ഷകരുണ്ടാകുമെന്ന വിശ്വാസം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. പിന്നെ വിക്രമാദിത്യന്‍ റിലീസിന് തലേ ദിവസം എനിക്ക് മൊബൈലില്‍ ഒരു മെസ്സേജ് വന്നു അറിയാത്ത ഒരു നമ്പരില്‍ നിന്ന്, എന്താണ് നാളെ നിങ്ങളുടെ പ്ളാന്‍ എന്നായിരുന്നു ചോദ്യം,ഗുജറാത്തിലാണ് കുടുംബത്തോടൊപ്പമുള്ളത്, ഫാമിലിക്കൊപ്പം സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ മറുപടി കൊടുത്തു. അപ്പോള്‍ നാളെ കഴിഞ്ഞാല്‍ എന്താണ് നിങ്ങളുടെ പഌന്‍ എന്നായി ചോദ്യം. നാളെ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സിനിമയൊന്നുമുണ്ടാകില്ലല്ലോ എന്ന രീതിയിലായിരുന്നു അത്. മൂന്ന് ദിവസത്തിന് ശേഷം വിക്രമാദിത്യന്‍ ഹിറ്റ് ആയപ്പോള്‍ അതേ നമ്പരില്‍ നിന്ന് മെസ്സേജ് വന്നു. ഹാപ്പി ബെര്‍ത്ത് ഡേ ഉണ്ണിമുകുന്ദന്‍ എന്ന് പറഞ്ഞിട്ട്. അപ്പോ ഞാന്‍ പറഞ്ഞു, ടുഡേ ഈസ് നോട്ട് മൈ ബര്‍ത്ത് ഡേ എന്ന്. അപ്പോള്‍ ഇത് പുതിയ ഒരു ആക്ടറിന്റെ പിറവിയാണെന്ന് മറുപടി കിട്ടി. ആ അനോണിമിറ്റിയില്‍ നിന്നും മെേേസ്സജില്‍ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ നമ്മള്‍ ചെയ്യുന്നതിനെ നന്നായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ക്രിയാത്മകമായി വിമര്‍ശനത്തിനും പ്രോത്സാഹനത്തിനും പിന്തുണയ്ക്കും അവര്‍ ഒപ്പമുണ്ട്. നിങ്ങള്‍ നല്ല സിനിമ ചെയ്യൂ ഞങ്ങളുണ്ട് കൂടെ എന്നാണ് സോഷ്യല്‍ മീഡിയയിലും എനിക്ക് ഇപ്പോള്‍ കിട്ടുന്നത്. ആരും നമ്മള്‍ മോശം സിനിമയുടെ ഭാഗമായി തകര്‍ന്ന് പോകണമെന്ന് ആഗ്രഹിക്കുന്നില്ല. വിമര്‍ശനങ്ങള്‍ ആണെങ്കിലും അത് നമ്മളെ തിരുത്തുന്നതിനാണ് നോക്കുന്നത്.
അടുത്ത ചിത്രം സ്‌റ്റൈല്‍ ആണ്, ഇതിഹാസ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം ബിനു.എസ്
ഒരുക്കുന്ന സിനിമ?
ഞാനും ബിനുവും ഒരുമിച്ച് പഌന്‍ ചെയ്ത ഒരു സിനിമ ഉണ്ടായിരുന്നു.കുറേ മുമ്പ്, ആ സിനിമ നടക്കാതെ പോയി. കാരണം എന്റെ ആ സമയത്ത് ഇറങ്ങി സിനിമകളൊന്നും വിജയിച്ചില്ല. ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റിയില്ല. ബിനു ഇതിഹാസ ചെയ്തു ഹിറ്റായി , ഞാനും എന്റെ കരിയറില്‍ ഞാനും കുറച്ച് മെച്ചപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. കെ എല്‍ ടെന്‍ പത്ത് മികച്ച വിജയമായാല്‍ അതിന്റെ സക്‌സസ് എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന ചിത്രവുമായിരിക്കും സ്റ്റൈല്‍. കുറേക്കൂടി യൂത്ത് ഓറിയന്റഡ് ആയ സിനിമയുമാണ് സ്റ്റൈല്‍.
മസില്‍മാന്‍ ഇമേജിലും മാസ് ആക്ഷന്‍ ഹീറോ സിനിമ നിര്‍ബന്ധമുള്ള നടനുമെന്ന പ്രതിച്ഛായയില്‍ ഇനി ഉണ്ണി മുകുന്ദന്‍ തളയ്ക്കപ്പെടില്ല?
എന്നെക്കുറിച്ച് അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കില്‍ ഇനിയുളള സിനിമകളിലൂടെ അത് മാറ്റിയെടുക്കണം. ഞാനിപ്പോഴും നല്ല മസിലൊക്കെ ഉള്ള ബോഡി ഫിറ്റ്‌നസ് നിര്‍ബന്ധമുള്ള ആളാണ്. എനിക്ക് ഒരു കാര്യം മനസിലായി, സൈസ് ഒക്കെ കൂടുമ്പോള്‍ ചില ക്യാരക്ടറിന് അത് ഓകെ ആവില്ല. ഫിസിക്കല്‍ ഫിറ്റ്‌നസ് എന്റെ പ്രൊഫഷണല്‍ ലൈഫില്‍ എന്നെ ബാധിക്കാത്ത ഒരു കാര്യമാണ്, ഇപ്പോള്‍ കെഎല്‍ ടെന്‍ പത്തിലാണെങ്കില്‍ ഞാന്‍ കുറച്ച് സ്ലിം ആയി, കംപ്രസ്ഡ് ആയി. ഒരു ഷര്‍ട്ടും പാന്റും ഒക്കെ ഇടുമ്പോള്‍ നോര്‍മല്‍ ലുക്കിലൊക്കെ വന്നു. ഒരു സാധാരണ പയ്യന്റെ റോള്‍ ആരെങ്കിലും കഥയെഴുതുമ്പോള്‍ എന്നെക്കൂടി ഓര്‍മ്മിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം കൂടിയാണ് കെഎല്‍ 10 പത്ത്. ഈ പടം കഴിഞ്ഞാല്‍ ടൈപ്പ് ഹീറോ എന്നുള്ളതിന് ഫുള്‍സ്റ്റോപ്പിടാന്‍ കഴിയുമായിരിക്കും
.
.
- Get link
- X
- Other Apps



Comments
Post a Comment