
മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കെ.ജി.ജോര്‍ജിന്റെ 'പഞ്ചവടിപ്പാലം' ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ മര്‍മമറിഞ്ഞ ആ ചിത്രത്തോട് ചേര്‍ത്തുവെക്കാന്‍ കമല്‍-മമ്മൂട്ടി ടീം ഒന്നിക്കുന്നചിത്രമാണ് 'ഉട്ടോപ്യയിലെ രാജാവ്'. 'ആമേന്‍' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ പി.എസ്. റഫീഖിന്റേതാണ് രചന. ഇടവേള പിന്നിട്ട് ഒന്നിക്കുമ്പോള്‍ കമല്‍ മമ്മൂട്ടിക്ക് സമ്മാനിക്കുന്നത് ഉട്ടോപ്യയിലെ രാജാവിന്റെ കിരീടമാണ്.
''ഒന്നര വര്‍ഷം മുന്‍പാണ് റഫീഖ് ഈ ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത്. ഈ കഥ മമ്മൂക്കയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിനും രസിച്ചു. ആക്ഷേപഹാസ്യത്തിലൂടെ കടന്നുപോകുന്ന ചിത്രമാണിത്. ഞാന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ ഏറെ വ്യത്യസ്തമായ കഥാപരമായ ട്രീറ്റ്‌മെന്റാണ് ആഗ്രഹിക്കുന്നത്.''
ഉട്ടോപ്യ എന്നത് സാങ്കല്പിക ദേശമാണ്. അതുകൊണ്ടാണ് അസംബന്ധമായ കെട്ടുകാഴ്ചകള്‍ക്ക് നമ്മള്‍ ഉട്ടോപ്യന്‍ ഐഡിയ, ഉട്ടോപ്യന്‍ കഥ എന്നീ പേരിട്ട് വിളിക്കുന്നത്.
'കോക്രാങ്കര' എന്ന സാങ്കല്പിക ഗ്രാമവും അതില്‍ ഉട്ടോപ്യന്‍ ജീവിതശൈലിയുള്ള കാരിക്കേച്ചര്‍പോലെ കുറെ മനുഷ്യരും... അതിലൊരു സാധാരണക്കാരനായ കഥാനായകനും... അവന്റെ ജീവിതയാത്രയുമാണ് ചിത്രത്തിന് വിഷയം.
പ്രണയവും നര്‍മവും അനാഥത്വവും കൊച്ചുകൊച്ചു നൊമ്പരച്ചിന്തുകളും കോര്‍ത്ത ചിത്രങ്ങള്‍ ഒരുക്കിയ കമല്‍ എല്ലാതരത്തിലും പുതുമയുള്ള പ്രമേയവുമായാണ് വരുന്നത്.
''മലയാളസിനിമയില്‍ കോമഡി ചിത്രങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, ആക്ഷേപഹാസ്യത്തിന്റെ പരിധിയില്‍പെടുന്ന ചിത്രങ്ങള്‍ വിരളമാണ്. പൊളിറ്റിക്കല്‍ സറ്റയറിനപ്പുറം രാഷ്ട്രീയാന്തരീക്ഷത്തില്‍നിന്നുകൊണ്ടുള്ള യാത്രയാണിത്. ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ പഞ്ചവടിപ്പാലംപോലെ ഒരു ചിത്രം. എന്റെയും മമ്മൂക്കയുടെയും കരിയറില്‍ അത്തരം സോണില്‍പെട്ട ചിത്രംവളരെ കുറവാണ്.''
കമലും മമ്മൂട്ടിയും സമാന്തര സിനിമാരംഗത്ത് സജീവമാണെങ്കിലും ആ കൂട്ടുകെട്ടില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ പിറന്നിട്ടുള്ളൂ. അവയാകട്ടെ കലാമൂല്യമുള്ളവയും കമേഴ്‌സ്യല്‍ ഹിറ്റുകളുമായിരുന്നു. അവയില്‍ പലതും പിറന്നത് എട്ടും പത്തും വര്‍ഷത്തെ ഇടവേളകള്‍ പിന്നിട്ടായിരുന്നു.

''ഞാന്‍ അസോസിയേറ്റ് ഡയറക്ടറായകാലം മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തത്. പക്ഷേ, സ്വതന്ത്ര സംവിധായകനായപ്പോള്‍ പത്ത് വര്‍ഷത്തിനുശേഷമാണ് 'മഴയെത്തുംമുന്‍പേ'യിലൂടെ മമ്മൂട്ടിയുമായി ഒന്നിക്കാന്‍ കഴിഞ്ഞത്. ധാരാളം പ്രൊജക്ടുകള്‍ അതിനകം ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ, ഒന്നും വര്‍ക്കൗട്ടായില്ല. ചമ്പക്കുളം തച്ചനുശേഷം ഞാനും ശ്രീനിയും നിര്‍മാതാവ് മാധവന്‍നായരും അടുത്തത് മമ്മൂട്ടി ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ആ ചിത്രം സംഭവിക്കുന്നത്. അതിനു തുടര്‍ച്ചയായി തന്നെ 'അഴകിയ രാവണന്‍' വന്നു. അത് കഴിഞ്ഞ് ഒമ്പത് വര്‍ഷം പിന്നിട്ടാണ് ഞങ്ങള്‍ വീണ്ടും 'രാപ്പകലി'ല്‍ ഒന്നിച്ചത്.
സിനിമയില്‍ വഴിമാറി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് കമല്‍. ഓരോ ചിത്രത്തിന്റെ പ്രമേയത്തിലും സ്റ്റാര്‍ കാസ്റ്റിങ്ങിലും പുതുമതേടുന്ന മനസ്സ് എപ്പോഴും കാണാം.
''താരത്തിന്റെ ഡേറ്റ് വാങ്ങി സിനിമ ചെയ്യുന്നതിനേക്കാള്‍ കഥയ്ക്ക് അനുയോജ്യമായ താരത്തെ കണ്ടെത്താനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ എന്റെ ഓരോ ചിത്രങ്ങളും വന്ന് ഭവിക്കുന്നതാണ്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും കൂട്ടുകെട്ടില്‍ ചിത്രം ചെയ്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി.''
'മഴയെത്തുംമുന്‍പേ'യിലെ നന്ദകുമാറും 'അഴകിയ രാവണിനി'ലെ ശങ്കര്‍ദാസും 'രാപ്പകലി'ലെ കൃഷ്ണനും അവതരിപ്പിച്ച മമ്മൂട്ടി, കമല്‍ രചനയും സംവിധാനവും ചെയ്ത 'കറുത്തപക്ഷി'കളില്‍ മുരുകന്‍ എന്ന തേപ്പുകാരനായി എത്തി. പ്രമേയപരമായി ആരും ചിന്തിക്കാന്‍പോലും കാണിക്കാത്ത ധൈര്യം കമല്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
''രാപ്പകലിന്റെ ഷൂട്ടിങ്കാലത്ത് തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന കഥാപാത്രത്തിന്റെ സാധ്യത മമ്മൂക്കയാണ് എന്നെ ഓര്‍മിപ്പിച്ചത്. എന്റെ വീട്ടില്‍ വര്‍ഷങ്ങളായി ഇസ്തിരിയിടാന്‍ വരുന്ന തമിഴന്റെ മുഖമാണ് അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്. അവന്‍ പിന്നീട് 'കറുത്തപക്ഷികളി'ല്‍ മമ്മൂട്ടിയിലൂടെ മുരുകനായി മാറുകയായിരുന്നു.''
'രാപ്പകലി'നുശേഷം എട്ടുവര്‍ഷത്തെ ഇടവേള പിന്നിട്ട് 'ഉട്ടോപ്യയിലെ രാജാവി'ലൂടെ അവര്‍ വീണ്ടും ഒന്നിക്കുന്നു.
'' ജുവല്‍ മേരിയാണ് നായിക. കൂടാതെ സുനില്‍ സുഗത, കെ.പി.എ.സി. ലളിത, ടി.ജി. രവി, സുധീര്‍ കരമന, ശ്രീകുമാര്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഓണത്തിന് ഉട്ടോപ്യയിലെ രാജാവിനെയും അദ്ദേഹത്തിന്റെ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് പ്ലാന്‍.'' കമല്‍ പ്രേക്ഷകര്‍ക്ക് നിറമുള്ള പ്രതീക്ഷകള്‍ സമ്മാനിക്കുന്നു. അണിയറയില്‍ മമ്മൂട്ടി ഉട്ടോപ്യയിലെ രാജാവിന്റെ ചെങ്കോലും കിരീടവും അണിയുന്നു.
Comments
Post a Comment